സ്ഥാപന ചരിത്രം
മേപ്പാടി ഗ്രാമപഞ്ചായത്ത്
കേരളത്തിലെ ഏറ്റവും പഴക്കമേറിയ ഗ്രാമപഞ്ചായത്തുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മേപ്പാടി ഗ്രാമപഞ്ചായത്ത് 1935 ഏപ്രിൽ 27-ന് ബ്രിട്ടീഷ് സർക്കാർ രൂപീകരിച്ചതാണ്. കൂറ്റൻ മലനിരകളും അവയിൽ നിന്നൊഴുകുന്ന പുഴകളും കൊണ്ട് സമ്പന്നമായിരുന്ന പഞ്ചായത്തിന് തുടക്കത്തിൽ 204.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്നു. 1961-ൽ അമ്പലവയൽ പഞ്ചായത്തും 2000-ൽ മുപ്പൈനാട് പഞ്ചായത്തും രൂപീകരിക്കപ്പെട്ടതും കൽപ്പറ്റ മുനിസിപ്പാലിറ്റിയുടെ വികസനവും നടന്നതോടെ പഞ്ചായത്തിന്റെ വിസ്തൃതി 125.94 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി
ചരിത്രം
കേരളത്തിലെ ഏറ്റവും പഴക്കമേറിയ ഗ്രാമപഞ്ചായത്തുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മേപ്പാടി ഗ്രാമപഞ്ചായത്ത് 1935 ഏപ്രിൽ 27-ന് ബ്രിട്ടീഷ് സർക്കാർ രൂപീകരിച്ചതാണ്. കൂറ്റൻ മലനിരകളും അവയിൽ നിന്നൊഴുകുന്ന പുഴകളും കൊണ്ട് സമ്പന്നമായിരുന്ന പഞ്ചായത്തിന് തുടക്കത്തിൽ 204.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്നു. 1961-ൽ അമ്പലവയൽ പഞ്ചായത്തും 2000-ൽ മുപ്പൈനാട് പഞ്ചായത്തും രൂപീകരിക്കപ്പെട്ടതും കൽപ്പറ്റ മുനിസിപ്പാലിറ്റിയുടെ വികസനവും നടന്നതോടെ പഞ്ചായത്തിന്റെ വിസ്തൃതി 125.94 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ടി. ഇ. ഹേവ് എന്ന യൂറോപ്യനായിരുന്നു. ബ്രിട്ടീഷ് സർക്കാർ നാമനിർദേശം ചെയ്ത 16 അംഗ ഭരണസമിതിയാണ് അന്ന് പഞ്ചായത്ത് ഭരിച്ചിരുന്നത്. തൃക്കൈപ്പറ്റ, കോട്ടപ്പടി, മുപ്പൈനാട് എന്നീ മൂന്ന് വാർഡുകളായിരുന്നു അന്നുണ്ടായിരുന്നത്. പിന്നീട് പഞ്ചായത്ത് മദ്രാസ് ലോക്കൽ ബോർഡിന്റെ കീഴിലായി പ്രവർത്തിച്ചു. പഞ്ചായത്ത് ബോർഡിന്റെ യോഗങ്ങൾ നടത്തുന്നതിനായി മേപ്പാടി കോസ്മോപൊളിറ്റൻ ക്ലബ് പ്രതിമാസം രണ്ട് രൂപ വാടകയ്ക്ക് ഉപയോഗിച്ചിരുന്നതായും ചുളിക്ക എസ്റ്റേറ്റ് ക്ലബ്ബും കുറേക്കാലം ഓഫീസ് കെട്ടിടമായി പ്രവർത്തിച്ചതായും രേഖകളിൽ കാണുന്നു. 1969-ൽ കെ. ബാബു സാഹിബ് പ്രസിഡന്റായിരുന്ന കാലത്താണ് പഞ്ചായത്ത് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. തുടർന്ന് ആ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കുകയും 2014-ൽ ശ്രീമതി റംല പ്രസിഡന്റായിരുന്ന കാലത്ത് നിലവിലുള്ള പഞ്ചായത്ത് ഓഫീസ് കെട്ടിടം പുതുക്കിപ്പണിയുകയും ചെയ്തു
സാമൂഹ്യ-സാംസ്കാരിക ചരിത്രം
ഇന്നത്തെ മേപ്പാടി പട്ടണമായി വികസിക്കുന്നതിന് മുമ്പ് ഈ പ്രദേശം ചെമ്പ്ര പീക്ക് എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലായിരുന്നു. എസ്റ്റേറ്റ് തൊഴിലാളികൾക്ക് താമസിക്കുന്നതിനായി നിർമ്മിച്ചിരുന്ന നീണ്ട പാടികളെ "മേലേപ്പാടികൾ" എന്ന് വിളിച്ചിരുന്നതിൽ നിന്നാണ് "മേപ്പാടി" എന്ന പേര് രൂപം കൊണ്ടതെന്നാണ് പ്രാദേശിക വിശ്വാസം. സമുദ്രനിരപ്പിൽ നിന്ന് 6806 അടി ഉയരമുള്ള എളമ്പിലേരി മലയും 7364 അടി ഉയരമുള്ള വെള്ളാർമലയും ഒരുകാലത്ത് സ്വർണ്ണ അയിരുകളുടെ നിക്ഷേപം തേടിയുള്ള വിദേശ ഖനന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചരിത്രപരമായി കോട്ടപ്പടി പ്രദേശം നായന്മാരുടെ അധീനതയിലായിരുന്നുവെന്നും പിന്നീട് 'ഗൗഡന്മാർ' എന്ന് അറിയപ്പെട്ടിരുന്ന ജൈനമത വിശ്വാസികളുടെ കൈവശമാവുകയും ചെയ്തുവെന്നും പറയപ്പെടുന്നു. കടൂർ, എളമ്പിലേരി, ചോലമല, ചൂരൽമല തുടങ്ങിയ പ്രദേശങ്ങൾ എടവലത്ത് കോവിലകത്തിന്റെയും വടേരി പ്രദേശം നിലമ്പൂർ കോവിലകത്തിന്റെയും അധീനതയിലായിരുന്നു. നിലമ്പൂർ കോവിലകത്തിന്റെ കിണറിലേക്കുള്ള വഴി തടസ്സപ്പെടുത്തിയതിനെ തുടർന്ന് പഞ്ചായത്ത് ഇടപെട്ട് വഴി തിരിച്ചുപിടിച്ചതുമായി ബന്ധപ്പെട്ട രേഖകളും പഞ്ചായത്ത് മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തോട്ടം തൊഴിലാളികളുടെ ജീവനിതവും സാമൂഹിക മുന്നേറ്റവും
തേയില, കാപ്പി, ഏലം, കുരുമുളക് തുടങ്ങിയ തോട്ടകൃഷികൾ പണ്ടുമുതൽ മേപ്പാടിയുടെ സാമ്പത്തിക ജീവിതത്തിന്റെ പ്രധാന ഘടകങ്ങളാണ്. 1800-കളിൽ ആരംഭിച്ച ഈ തോട്ടങ്ങൾ വികസിപ്പിക്കുന്നതിനായി മൈസൂർ, മദ്രാസ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവന്നിരുന്നു. കങ്കാണിമാരുടെ കർശന നിയന്ത്രണത്തിലും ചൂഷണപരമായ തൊഴിൽ സാഹചര്യങ്ങളിലുമാണ് ഇവർ ജോലി ചെയ്തിരുന്നത്. കോളറ, മലമ്പനി പോലുള്ള പകർച്ചവ്യാധികളും ദാരിദ്ര്യവും കഠിനാധ്വാനവും തൊഴിലാളികളുടെ ജീവിതത്തെ ദുരിതപൂർണമാക്കി. അതേസമയം ഗ്രാമപ്രദേശമായ തൃക്കൈപ്പറ്റയിൽ സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങൾ ശക്തമായിരുന്നു. ഗ്രാമോദ്ധാരണവേദി പോലുള്ള സംഘടനകൾ പൊതുവികസനത്തിന് നേതൃത്വം നൽകി. 1954-ൽ തൃക്കൈപ്പറ്റ–മുട്ടിൽ റോഡും കാക്കവയൽ–മുട്ടിൽ റോഡും ശ്രമദാനത്തിലൂടെ നിർമ്മിക്കപ്പെട്ടു. ജന്മിത്വ വ്യവസ്ഥയ്ക്കെതിരെയും തൊഴിലാളികളുടെ അവകാശങ്ങൾക്കായും നിരവധി സമരങ്ങൾ ഇവിടെ അരങ്ങേറി. രണ്ട് സേർ നെല്ല് കൂലിയായി ലഭിക്കുന്നതിനായി കർഷക തൊഴിലാളികൾ നടത്തിയ മാർച്ചും ഭൂവുടമകളെ മുട്ടുകുത്തിച്ച സമരവും പ്രദേശത്തിന്റെ സാമൂഹിക ചരിത്രത്തിലെ ശ്രദ്ധേയ സംഭവങ്ങളാണ്.
ഭൂപ്രകൃതിയും കൃഷിയും വിദ്യാഭ്യാസവും
മേപ്പാടി പ്രധാനമായും ഒരു കാർഷിക ഗ്രാമമാണ്. കുന്നിൻപ്രദേശങ്ങൾ, താഴ്വരകൾ, വയൽപ്രദേശങ്ങൾ, പുഴകൾ എന്നിവ കൊണ്ട് സമ്പന്നമായ ഇവിടം പ്രകൃതിസൗന്ദര്യത്തിനും ജലസമ്പത്തിനും പ്രസിദ്ധമാണ്. ചൂരൽമലപ്പുഴ (പുന്നപ്പുഴ), അരണമലപ്പുഴ, നെല്ലിമുണ്ടപ്പുഴ, കുന്നമ്പറ്റത്തോട്, മാനിവയൽ–കോട്ടവയൽ തോട്, ചോലാടിപ്പുഴ എന്നിവ പ്രധാന ജലസ്രോതസുകളാണ്. പഞ്ചായത്തിലെ മൊത്തം കൃഷിഭൂമി 15,245 ഹെക്ടറാണ്. കാപ്പി, തേയില, കുരുമുളക്, ഏലം, നെല്ല്, ഇഞ്ചി, വാഴ എന്നിവയാണ് പ്രധാന കൃഷികൾ. ഭൂമിയുടെ 40 ശതമാനം ചെറിയ കുന്നുകളും 20 ശതമാനം കുന്നിൻചരിവുകളും 25 ശതമാനം കുത്തനെയുള്ള ചരിവുകളും 15 ശതമാനം സമതല പ്രദേശങ്ങളുമാണ്. പഞ്ചായത്തിലെ പ്രധാന വ്യവസായം തേയിലയാണ്. അരപ്പറ്റ, റിപ്പൺ, ചൂരൽമല, ചുളിക്ക എന്നിവിടങ്ങളിലായി നാല് തേയില ഫാക്ടറികൾ പ്രവർത്തിക്കുന്നു. ഹിന്ദു, മുസ്ലിം, ക്രൈസ്തവ, ജൈന മതവിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ സൗഹാർദ്ദത്തോടെ ഇവിടെ ജീവിക്കുന്നു. ആകെ 99 ആരാധനാലയങ്ങളുള്ള പഞ്ചായത്തിൽ വിവിധ മതാചാരങ്ങളും ഉത്സവങ്ങളും ആഘോഷിക്കപ്പെടുന്നു. മണിക്കുന്നുമല കയറ്റം, മേപ്പാടി ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവം, മുപ്പൈനാട് പള്ളി പെരുന്നാൾ, പാടിവയൽ ഉറൂസ് നേർച്ച എന്നിവ പഞ്ചായത്തിന്റെ പ്രധാന സാംസ്കാരിക-മത ആഘോഷങ്ങളാണ്.