ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കേരളത്തിൽ തന്നെ ഏറ്റവും പഴക്കമേറിയ ഗ്രാമപഞ്ചായത്തുകളിൽ ഒന്ന് എന്ന് അവകാശപ്പെടാവുന്ന മേപ്പാടി ഗ്രാമപഞ്ചായത്ത് 1935 ഏപ്രില്‍ 27ന് ബ്രീട്ടീഷ് സര്‍ക്കാരാണ് രൂപീകരിച്ചത്. കൂറ്റന്‍ മലനിരകളും അവയില്‍ നിന്നൊഴുകിവരുന്ന പുഴകളും കൊണ്ട് അനുഗ്രഹീതമായ മേപ്പാടി പഞ്ചായത്ത് 204.7 ച.കി.മീ. വിസ്തൃതിയുണ്ടായിരുന്ന പഞ്ചായത്ത് 1961ല്‍ അമ്പലവയല്‍ പഞ്ചായത്ത് രൂപീകരണവും 2000 ല്‍ മുപ്പൈനാട് പഞ്ചായത്ത് രൂപികരണവും കല്‍പ്പറ്റ മുനിസിപ്പാലിറ്റി വിപുലീകരണവും നടന്നതോടെ 125.94 ച.കി.മീ. ആയി ചുരുങ്ങി. മേപ്പാടി പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡണ്ട് ടി ഇ ഹേവ് എന്ന യൂറോപ്യനായിരുന്നു. ബ്രീട്ടീഷ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത 16 അംഗ ഭരണ സമിതിയാണുണ്ടായിരുന്നത്. തൃക്കൈപ്പറ്റ ദേശം, കോട്ടപ്പടി ദേശം, മുപ്പൈനാട് ദേശം എന്നിങ്ങനെ മുന്ന് വാര്‍ഡുകളും ഉണ്ടായിരുന്നു. പഞ്ചായത്ത് പിന്നീട് മദ്രാസ് ലോക്കല്‍ ബോര്‍ഡിന്റെ കീഴിലായി. പഞ്ചായത്ത് ബോര്‍ഡിന്റെ യോഗം ചേരുന്നതിന് പ്രതിമാസം 2 രൂപ വാടകയ്ക്ക് മേപ്പാടി കോസ്മോ പൊളീറ്റന്‍ ക്ലബ്ബ് ഉപയോഗിച്ചിരിന്നു. ചുളിക്ക എസ്റ്റേറ്റ് ക്ലബ്ബും ഓഫീസായി കുറെക്കാലം ഉപയോഗിച്ചിരുന്നു. 1969ല്‍ കെ ബാബു സാഹിബ് പ്രസിഡണ്ടായ കാലത്താണ് സ്വന്തം കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുന്നത്. ആ കെട്ടിടം പൊളിച്ചു മാറ്റിയാണ് ഇന്നു കാണുന്ന ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്.
മേപ്പാടി ഗ്രാമ പഞ്ചായത്തിന്‍റെ പ്രസിഡണ്ടുമാര്‍
1. ശ്രീ: ടി ഇ ഹേവ് (യുറോപ്യന്‍)
2. ശ്രീ: എച്ച എസ് ലേക്ക് (യൂറോപ്യന്‍)
3. ഡോ: ടി കെ ഗോവിന്ദന്‍ നായര്‍
4. റവ: ഫാ: എ മച്ചാഡോ
5. ശ്രീ: എസ് എന്‍ ഭട്ടാചാര്യ
6. ശ്രീ: കടുമ്പേരി നാണു
7. ശ്രീ: കെ ബാബു സാഹിബ്
8. ശ്രീ: വി എന്‍ ശിവരാമന്‍ നായര്‍
9. ശ്രീ: കെ എ മുഹമ്മദ്കുഞ്ഞി
10. ശ്രീ: പി എ മുഹമ്മദ്
11. ശ്രീ: പി പി എ കരിം
12. ശ്രീ: പി വാസു
13. ശ്രീമതി പത്മിനി ഗോപിനാഥ്
14. ശ്രീ: പി എം പ്രസന്നസേനന്‍
15. ശ്രീ: എന്‍ വേണുഗോപാല്‍
16. ശ്രീമതി രാധ രാമസ്വാമി
17. ശ്രീ: പി എം രാമന്‍
18. ശ്രീമതി ആന്‍സി ബേബി
19. ശ്രീമതി റംല കുഞ്ഞാപ്പ
20. ശ്രീ: കെ കെ സഹദ്.
21. ശ്രീമതി: ഓമന രമേഷ്
22. ശ്രീ: ബാബു കെ
23. ശ്രീമതി: റംല ഹംസ
ഒരു പട്ടണമായി വികസിക്കുന്നതിനുമുമ്പ് ഇന്നത്തെ മേപ്പാടി പ്രദേശം ചെമ്പ്ര പീക്ക് എസ്റ്റേറ്റിന്റെ ഉടമസ്ഥതയില്‍ പെട്ടതായിരുന്നു. ആദ്യകാലത്ത് എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനുവേണ്ടി നെടുനീളെ പാടികൾ കെട്ടിയിട്ടുണ്ടായിരുന്നു. ഇവയെ മേലെപാടികള്‍ എന്ന് വിളിച്ചുവന്നിരുന്നു. കാലക്രമേണ മേലേപ്പാടിയെന്നത് മേപ്പാടിയായി ചുരുങ്ങി എന്നാണ് നാട്ടുമൊഴി. സമുദ്രനിരപ്പില്‍ നിന്നും 6806 അടി ഉയരമുള്ള എളമ്പിലേരി മലയിലും 7364 അടി ഉയരമുള്ള വെള്ളാര്‍മലയിലും ഒരുകാലത്ത് സ്വര്‍ണ്ണ അയിരുകളുടെ നിക്ഷേപം തേടി വിദേശികള്‍ ഖനനം നടത്തിയിരുന്നു. ഒരു കാലത്ത് കോട്ടപ്പടി കോട്ടയില്‍ നായന്മാരായിരുന്നു ഇവിടുത്തെ പ്രദേശങ്ങള്‍ മുഴുവന്‍കയ്യടക്കിവച്ചിരുന്ന ജന്മികള്‍. അവരുടെ കയ്യില്‍ നിന്നും ഈ പ്രദേശം ‘ഗൌഡന്മാര്‍’ എന്നു വിളിക്കപ്പെട്ടിരുന്ന ജൈന മതസ്ഥരുടെ അധീനതിലായി.
അതുപോലെ എടവലത്തു കോവിലകം ജന്മിമാരായിരുന്നു കടൂര്‍, എളമ്പിലേരി, ചോലമല, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങള്‍ അധീനപ്പെടുത്തിയിരുന്നത്. വടേരി അഥവാ വടുവന്‍ഞ്ചാല്‍ പ്രദേശമാകെ നിലമ്പൂര്‍ കോവിലകത്തിന്റെകൈകളിലും. നിലമ്പൂര്‍ കോവിലകം വക കിണറിലേക്കുള്ള വഴി വടേരിയിലെ ഒരു കൃഷ്ണൻ അടച്ചുകളഞ്ഞതും അത് പഞ്ചായത്ത് ഒഴിപ്പിച്ചെടുത്തതും സംബന്ധിച്ചുള്ള രേഖ പഞ്ചായത്തുമിനുറ്റ്സില്‍ രേ ഖപ്പെടുത്തിയതായികാണുന്നുണ്ട്.
തേയില, ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ വന്‍കിടകൃഷിതോട്ടങ്ങള്‍ പണ്ടുമുതല്‍ തന്നെ മേപ്പാടിപഞ്ചായത്തിന്റെ പ്രത്യേകതയാണ്. 1800കളില്‍ വച്ചുപിടിപ്പിച്ചതാണ് ഈ വന്‍കിടതോട്ടങ്ങള്‍. തൊട്ടടുത്ത നാട്ടുരാജ്യമായ മെസൂര്‍ (കര്‍ണാടക), മദ്രാസ് (തമിഴ് നാട്) എന്നീ പ്രദേശങ്ങളില്‍ നിന്നും കങ്കാണിമാരെ കൂട്ടമായി കൊണ്ടുവന്നു തൊഴിലാളികളെ രാപകല്‍ കന്നുകാലികളെപ്പോലെ പണിയെടുപ്പിച്ച് തോട്ടങ്ങള്‍ വളര്‍ത്തിയെടുക്കുകയായിരുന്നു.സായിപ്പിന്റെ കങ്കാണികളായിരുന്നു അന്ന് സര്‍വ്വാധികാരികള്‍. കൊല്ലിനും കൊലയ്ക്കും മടിക്കാത്ത ഇക്കൂട്ടരുടെ ക്രൂരമര്‍ദ്ദനങ്ങളില്‍ ധാരാളം തൊഴിലാളികള്‍ മരണമടഞ്ഞിട്ടുണ്ട്. കോളറയും മലമ്പനിയും പോലുളള പകർച്ചവ്യാധികള്‍ വ്യാപകമായി പടര്‍ന്നുപിടിച്ചിരുന്ന കാലത്താണ് വിവിധ പ്രദേങ്ങളില്‍ നിന്ന് ധാരാളം തൊഴിലാളികള്‍ മേപ്പാടി പ്രദേശത്തെത്തിയതെന്നത് മറക്കാനാവില്ല. ആഴ്ചയില്‍ ആറണ കൂലിയിക്ക് രാപകല്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. തോട്ടങ്ങളില്‍ ഇതായിരുന്നു സ്ഥിതിയെങ്കില്‍ ഗ്രാമപ്രദേശമായ തൃക്കെപ്പറ്റയില്‍ നവോത്ഥാനങ്ങള്‍ക്കു വേണ്ടി ഒട്ടനവധി സാംസ്കാരിക കേന്ദ്രങ്ങള്‍ ഉടലെടുത്തിരുന്നു. ഗ്രാമോദ്ധാരണവേദി ഇതില്‍ സ്മരണീയമാണ്. തൃക്കൈപ്പറ്റ-മുട്ടില്‍ റോഡ് 1954ല്‍ ഗ്രാമോദ്ധാരണ വേദിയാണ് നിര്‍മ്മിച്ചത്. കാക്കവയല്‍- മുട്ടില്‍ റോഡും ഇത്തരത്തില്‍ ശ്രമദാനത്തിലൂടെ ഉണ്ടായതാണ്. ജന്മിത്തത്തിനെതിരെ കര്‍ഷകര്‍ സംഘടിച്ച് പല സമരങ്ങളും ഇവിടെ നടന്നിട്ടുണ്ട്. രണ്ടു സേര്‍ നെല്ല് കൂലിയായി കിട്ടുന്നതിന് കര്‍ഷകത്തൊഴിലാളികള്‍ മാര്‍ച്ച് സംഘടിപ്പിച്ചതും ഭൂവുടമകളെ മുട്ടുകുത്തിച്ചതും ചരിത്രമാണ്.മരംകോച്ചുന്ന തണുപ്പും വന്യമൃഗങ്ങളും തൊഴിലാളികളുടെ ജീവനപഹരിച്ച സംഭവങ്ങള്‍ എത്രയെത്ര. മുസ്ളീം തോട്ടം തൊഴിലാളികളേറെയും മലബാര്‍ ലഹളയെത്തുടര്‍ന്ന് ഏറനാട്ടിലുണ്ടായ അരക്ഷിതാവസ്ഥയില്‍, കങ്കാണികള്‍, സായിപ്പിന്‍തോട്ടത്തിലേക്ക് നോട്ടുണക്കാനെന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
മേപ്പാടി തികച്ചും ഒരു കാര്‍ഷികഗ്രാമമാണ്. കുന്നിന്‍പ്രദേശങ്ങളും താഴ്വരകളുംവയല്‍ പ്രദേശങ്ങളും പുഴകളുംസമൃദ്ധമായുണ്ട്.എന്നാൽ സമതല പ്രദേശങ്ങള്‍ തുലോം കുറവാണ്. ചൂരല്‍മലപുഴ,അഥവാ പുന്നപുഴ, അരണമലപുഴ, നെല്ലിമുണ്ടപുഴ, കുന്നമ്പറ്റതോട്, മാനിവയല്‍ കോട്ടവയൽ തോട്, തൃക്കൈപ്പറ്റ, ചേലേരിക്കാവിനു സമീപത്തുകൂടി ഒഴുകുന്ന തോട്, ചോലാടി പുഴ, കല്ലുക്കെണി ചുറ്റി ഒഴുകുന്ന പുഴ, കാരപ്പുഴ പദ്ധതി പ്രദേശത്തേക്ക് ഒഴുകിയെത്തുന്ന കോളേരിയില്‍ നിന്നുത്ഭവിക്കുന്ന തോട് എന്നിവ പ്രധാനമാണ്.
മൊത്തം കൃഷിഭൂമി 15,245 ഹെക്ടറാണ്. പ്രധാനമായും കാപ്പി, തേയില, കുരുമുളക്, ഏലം, നെല്ല്, ഇഞ്ചി, വാഴ എന്നിവയുടെ കൃഷികളാണുള്ളത്. മൊത്തം ഭൂമിയുടെ 40% ചെറിയ കുന്നുകളും, 20% കുന്നിന്‍ചെരുവും, 25% കുത്തനെ ചെരിവും, 15% സമതലങ്ങളുമാണ്. പഞ്ചായത്തിലെ നിലവിലുള്ള പ്രധാനവ്യവസായം തേയിലയാണ്. അരപ്പറ്റ, റിപ്പണ്‍, ചൂരല്‍മല, ചുളുക്ക എന്നിവിടങ്ങളിലായി നാല് തേയിലഫാക്ടറികൾ പഞ്ചായത്തിലുണ്ട്. ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍,ജൈനര്‍ എന്നീ വിവിധമതവിഭാഗങ്ങളില്‍ പെടുന്നവര്‍ ഇവിടെ നിവസിക്കുന്നു. ഇവരുടേതായി 99 ആരാധനാലയങ്ങളുമുണ്ട്. ഈ ആരാധനാലയങ്ങളിലൊക്കെ വര്‍ഷംതോറും വിവിധതരത്തിലുള്ള ഉത്സവങ്ങളും ആഘോഷങ്ങളും പെരുന്നാളുകളും കൊണ്ടാടിവരുന്നു. നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന മണിക്കുന്നുമല കയറ്റം മേപ്പാടി ശ്രീമാരിയമ്മൻ ക്ഷേത്രമഹോത്സവം, മുപ്പെയിനാട്പള്ളിപെരുന്നാൾ, പാടിവയൽ ഉറൂസ്നേർച്ച എന്നിവ പഞ്ചായത്തിലെ പ്രധാനമഹോത്സവങ്ങളാണ്. ജാതിഘടനാപരമായ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നത് ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ മാത്രമാണ്. 2018, 2024 വർഷങ്ങളിൽ ഉണ്ടായ2 പ്രളയങ്ങളും ഗ്രാമപഞ്ചായത്തില്‍ ഒരു ദുരന്തം തന്നെ വിതച്ചു. 2019 ല്‍ പുത്തുമലയിലുണ്ടായ ഉരുള്‍പ്പൊട്ടലിലും മലയിടിച്ചിലിലും അതുവഴി വന്ന വെള്ളപ്പൊക്കത്തിലും 17 മനുഷ്യ ജീവനുകള്‍ പ്രകൃതിയുടെ ഭീകര താണ്ഡവത്തില്‍ നഷ്ടമായി. നിരവധി പേരെ കാണാതായി. ജീവനും ജീവനോപാധികളും നഷ്ടപ്പെട്ട് ദിവസങ്ങളോളം മരിച്ചതുപോലെ ജീവിച്ച മനുഷ്യരുണ്ടിവിടെ. എങ്കിലും കരുണ വറ്റാത്ത ലോകത്തിന്‍റെ കൈപിടിച്ച് ജീവിതത്തിന്‍റെ സുരക്ഷിതമായ തീരത്തേക്കുളള യാത്രയിലാണ് നിസ്സഹായരായ അതിജീവിതർ.
ഇന്ന് മേപ്പാടി പ്രധാനമായും അറിയപ്പെടുന്നത് 2024ൽ ഉണ്ടായ സമാനതകളില്ലാത്ത മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്‍റെ പേരിലാണ്. പഞ്ചായത്തിന്‍റെ 3 വാർഡുകള്‍ മുഴുവനായും മുക്കാൽ ഭാഗത്തോളം ജനങ്ങളും നഷ്ടപ്പെട്ട ഇത് കേരളത്തിന്‍റെ ചരിത്രത്തിലെ തന്നെ വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ്.